Latest News

18 കോടിയുടെ വിദേശ കറന്‍സി പിടികൂടി: കെ.പി.യോഹന്നാന്റെ സഹോദരന്‍ അറസ്റ്റില്‍ , പിടിച്ചെടുത്തത് യുഗോസ്ലോവ്യന്‍ കറന്‍സി

By smug - Sunday, 18 August 2013

ബിലീവേഴ്‌സ് ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ.പി.യോഹന്നാന്റെ സഹോദരനും, പത്തനംതിട്ട നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.പുന്നൂസിന് വേണ്ടി കൊണ്ടുവന്ന 18 കോടി രൂപയുടെ വിദേശകറന്‍സി തിരുവല്ല പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കെ.പി.പുന്നൂസിന്റെ അറസ്റ്റ് തിരുവല്ല പോലീസ് രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് നാലിന് ഇയാളെ കോടതിയില്‍ ഹാജരാക്കും. 50 കോടിയുടെ രണ്ടും, 5 കോടിയുടെ ഒന്നും യൂഗോസ്ലാവ്യന്‍ കറന്‍സികളായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ഇന്ത്യയില്‍ 18 കോടി രൂപ മൂല്യമുള്ളതാണ്. സംഭവത്തില് കെ.പി യോഹന്നാന്റെ സഹോദരന്‍ പിടിയിലായിട്ടും, ഈ വിവരം മാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ മറച്ചു വയ്ക്കാനാണ് തിരുവല്ല പൊലീസ് ആദ്യം ശ്രമിച്ചത്. തുടര്‍ന്ന് വിദേശ കറന്‍സി പിടിച്ച സംഭവം അന്വേഷിച്ച് മാധ്യമ പ്രവൃത്തകര്‍ സ്‌റ്റേഷനില്‍ എത്തിയതോടെയാണ് പൊലീസിന്റെ കള്ളിവെളിച്ചത്തായത്.ഇതിനിടെ പത്തനംതിട്ട എസ് പി അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി ഇരുവരെയും ചോദ്യം ചെയ്തു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തിരുവല്ലയില്‍ വച്ച് 18 കോടി രൂപ മൂല്യമുള്ള യൂഗോസ്ലാവ്യന്‍ കറന്‍സിയുമായി തിരുനല്‍വേലി സ്വദേശി വിമല്‍ രാജിനെ തിരുവല്ല പൊലീസ് പിടികൂടുന്നത്.ബിലീവേഴ്‌സ് ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ പി യോഹന്നാന്റെ സഹോദരനായ കെ.പി.പുന്നൂസ് നല്‍കിയതാണ് ഈ പണം എന്ന് വിമല്‍ രാജ് പൊലീസിനോട് പിന്നീട് സമ്മതിച്ചു.
യൂഗോസ്ലാവ്യന്‍ കറന്‍സി വിനിമയം ചെയ്യുമ്പോള്‍, ഇടനിലക്കാരനായ വിമലിന് ലഭിക്കേണ്ടുന്ന കമ്മീഷനെ ചൊല്ലി കെ പി പുന്നൂസും, വിമലും തമ്മിലുണ്ടായ തര്‍ക്കമാണ് വിദേശ കറന്‍സി ഇടപാട് പുറത്താകാന്‍ ഇടയാക്കിയത്. ഇതിനു മുമ്പും പലതവണ ഇരുവരും ഇത്തരത്തില്‍ അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ വൈകിക്കുകയാണന്നാരോപിച്ച് ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും, സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ രാത്രി 12.30 ഓടെ പത്തനംതിട്ട എസ് പിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണവും, ചോദ്യം ചെയ്യലുകള്‍ക്കും ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് എസ്.പി പറഞ്ഞു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സ്മഗ്ഗിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.