ഷനെയ്‌റ ഇസ്‌ലാം സ്വീകരിച്ചു,അക്രവുമായി ജീവിതം തുടങ്ങി
By smug - Thursday, 22 August 2013
കറാച്ചി: പാകിസ്താന്റെ വിഖ്യാത പേസ് ബൗളര്‍ വസീം അക്രം ദാമ്പത്യത്തിന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ കാമുകി ഷനെയ്‌റ തോംപ്‌സണെ താന്‍ വിവാഹം ചെയ്തതായി അക്രം അറിയിച്ചു. ഷനെയ്‌റ ഇസ്‌ലാം സ്വീകരിച്ചെന്നും ഉര്‍ദു പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘അവള്‍ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞു. ഞങ്ങളുടെ ഭാഷയായ ഉര്‍ദു പഠിക്കുന്നുമുണ്ട്. എന്റെ മക്കളുമായി വളരെ അടുത്ത ബന്ധമാണവള്‍ക്ക്.’
2009ല്‍ ആദ്യ ഭാര്യ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട 47കാരന്‍ അക്രമിന്റെ രണ്ടാം വിവാഹമാണ് 30കാരി ഷനെയ്‌റയുമായി നടന്നത്. കഴിഞ്ഞയാഴ്ച ലാഹോറില്‍ ചെറിയ ചടങ്ങിലായിരുന്നു തങ്ങളുടെ വിവാഹമെന്നും തനിക്കും ഭാര്യക്കും മക്കള്‍ക്കും പുതിയ ജീവിതമാണിതെന്നും അക്രം പറഞ്ഞു.
ഓഗസ്റ്റ് 12നായിരുന്നു വിവാഹം. ഈ മാസാദ്യം ഷനെയ്‌റ തോംപ്‌സണ്‍ ലാഹോറില്‍ വന്ന് അക്രമിന്റെ രോഗാതുരനായ പിതാവിനെ കണ്ടിരുന്നു. ഏറെ വൈകാതെ അടുത്ത ബന്ധുക്കളുടെയും ഏതാനും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹവും നടന്നു.
1984 മുതല്‍ 2003 വരെ ദീര്‍ഘിച്ച കരിയറില്‍ 104 ടെസ്റ്റുകളും 356 ഏകദിനങ്ങളും അക്രം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 414 വിക്കറ്റും 2898 റണ്‍സുമുണ്ട്. ഏകദിനത്തില്‍ 502 വിക്കറ്റുകളും 3717 റണ്‍സും അദ്ദേഹം സ്വന്തമാക്കി. ക്രിക്കറ്റ് കണ്ട മികച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ മുന്‍നിരയിലാണ് അക്രമിന് സ്ഥാനം. പാകിസ്താന്റെ ഏക ലോകകപ്പ് വിജയത്തില്‍ 1992ല്‍ വസീം അക്രമായിരുന്നു ടൂര്‍ണമെന്റിലെ താരം. 1999ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്താന്‍ ഫൈനല്‍ കളിച്ചപ്പോള്‍ അക്രമായിരുന്നു നായകന്‍
Follow our blog on Twitter, become a fan on Facebook. Stay updated via RSS