സിറിയയില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണം?
By smug - Tuesday, 3 September 2013
സിറിയക്കെതിരെ മിസൈല്‍ ആക്രമണം നടന്നതായി സിറിയന്‍ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്റേറിയന്‍ കടലില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മിസൈല്‍ ആക്രമണത്തില്‍ സിറിയയിലെ വാതക പൈപ്പ് ലൈനിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ റഡാറാണ് മിസൈല്‍ ആക്രമണം നടന്നതായി കണ്ടെത്തിരിക്കുന്നത്. ഇക്കാര്യം റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിക്കുകയും സിറിയന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ആക്രമണം കിഴക്കന്‍ ഇറാഖ് അതിര്‍ത്തിയിലാണ് നടന്നതെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമണലക്‍ഷ്യവുമായി നങ്കൂരമിട്ട് കിടക്കുകയാണ്. ഇവയില്‍ നിന്നാണ് മിസൈല്‍ ആക്രമണം ഉണ്ടായതായി റഷ്യ പറയുന്നത്. എന്നാല്‍ പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ ആക്രമണം നടത്തേണ്ടതില്ലെന്ന നിലപാടില്‍ അമേരിക്ക എത്തിയതായി വിവരങ്ങളുണ്ടായിരുന്നു. ഇതിന് കാലതാമസമെടുക്കുമെന്നും അതുകൊണ്ടുതന്നെ സിറിയയ്ക്ക് താല്‍ക്കാലികമായി ആശ്വസിക്കാമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ലമെന്‍റ് അനുമതിയില്ലാതെ തന്നെ അമേരിക്ക ആക്രമണത്തിന് മുതിര്‍ന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആക്രമണമുണ്ടായതായി റഷ്യ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അമേരിക്കയുടെയും സിറിയയുടെയും ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമതപ്രക്ഷോഭകാരികള്‍ക്ക് നേരെ സിറിയയില്‍ രാസായുധം പ്രയോഗിച്ച നടപടിക്കെതിരെയാണ് അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രാസായുധ പ്രയോഗം വിമതരുടെ സൃഷ്ടിയാണെന്നാണ് സിറിയന്‍ സര്‍ക്കാര്‍ പറയുന്നത്. അമേരിക്ക ആക്രമണം നടത്തിയാല്‍ അതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സിറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS